Kerala News

ഒരു മണിക്കൂറോളം വീടിന് മുന്നില്‍ നിന്നിട്ടും വീട്ടില്‍ കയറ്റിയില്ല; കുടിക്കാന്‍ വെള്ളം പോലും തന്നില്ല; ഒരു പ്രവാസിക്ക് നേരിടേണ്ടി വന്ന ദുരനുഭവം

കണ്ണുനനയിപ്പിക്കുന്ന അനുഭവങ്ങളാണ് ചില പ്രവാസികള്‍ക്ക് ഇത്തവണ നാട്ടിലെത്തിയപ്പോള്‍ ഉണ്ടായത്. കൊവിഡ് ബാധിത പ്രദേശത്ത് നിന്ന് വന്നവരായതിനാല്‍ ചിലര്‍ അവരെ വീട്ടില്‍ കയറ്റാന്‍ മടിക്കുന്നു. ഒന്നോര്‍ത്താല്‍ മതി ഓരോ കുടുംബത്തിനും താങ്ങാകാനാണ് അവര്‍ പ്രവാസികളായത്. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ച് കുടുംബം പുലര്‍ത്താന്‍ ഏഴു കടലുകള്‍ താണ്ടി മറ്റൊരു ലോകത്ത് എത്തി.

ഓരോ തവണ അവധിക്ക് വരുമ്പോഴും ഗള്‍ഫിലെ സാധനങ്ങളായി വരുന്ന പ്രവാസികളെ കാണാനായി അകന്ന ബന്ധങ്ങല്‍ പോലും അടുത്തെത്തിയിരുന്നു. എന്നാല്‍ ഇന്നത് മാറിയിരിക്കുന്നു. ദിനംപ്രതി ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ വാര്‍ത്തകളാണ്. അത്തരത്തില്‍ മനോരമ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണിത്. തൃശൂര്‍ സ്വദേശിയായ 60 വയസായ പ്രവാസി തന്റെ നാട്ടിലെത്തി.

13 വര്‍ഷമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിനെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്കു പോരാതെ നിവൃത്തിയില്ലാതായി. അങ്ങനെയാണ് തൃശൂര്‍ ജില്ലയിലെ ഭാര്യ വീട്ടിലേക്കെത്തിയത്. അവിടെ പ്രായമായ മാതാപിതാക്കളുണ്ട്. ഭാര്യയ്ക്കു ശ്വാസസംബന്ധമായ അസുഖങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ അങ്ങോട്ടു പോയില്ല. തൊട്ടടുത്തു തന്നെയാണു സഹോദരങ്ങളും താമസിക്കുന്നത്.
8 സഹോദരങ്ങളും 2 സഹോദരിമാരും ഉള്ള പ്രവാസിയാണിദേഹം.

എന്നാല്‍ ഇവരുടെ വീടിനു മുന്നില്‍ മണിക്കൂറുകളോളം ചെലവഴിച്ചിട്ടും അദ്ദേഹത്തെ ബന്ധുക്കള്‍ വീട്ടില്‍ കയറ്റിയില്ല. വരുന്ന വിവരം ഒരു സഹോദരനെ അറിയിച്ചിരുന്നു. പഞ്ചായത്ത് അംഗത്തോട് വിവരം അറിയിക്കാനും നിര്‍ദേശിച്ചു. ദാഹിച്ച് വലഞ്ഞ തനിക്ക് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടെങ്കിലും അതുപോലും നീചരായ ബന്ധുക്കള്‍ നല്‍കിയില്ല. വിദേശത്തുള്ള ഒരു സഹോദരന്റെ വീട് ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ താമസിക്കാന്‍ ശ്രമിച്ചെങ്കിലും അവരും സമ്മതം മൂളിയില്ല.

ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് ഉള്ളതെല്ലാം കൂട്ടി സ്വന്തം സ്ഥലത്ത് ഒരു കൂരയുണ്ടാക്കി ഇവിടെ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ആരോഗ്യ വകുപ്പ് ഇടപെട്ടാണ് ഇയാളെ ക്വാറന്റീന്‍ കേന്ദ്രത്തിലാക്കുകയായിരുന്നു. അധികൃതര്‍ ഈ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണു സഹോദരങ്ങള്‍ പറയുന്നത്. അതേസമയം 2 ദിവസം മുന്‍പ് കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ ഇവര്‍ കൈപ്പറ്റുകയും ചെയ്തിരുന്നു.

Most Popular

To Top