Viral

ഒരാളുടെ കുറ്റകൃത്യത്തിലെ പങ്കാളിത്തം ഒഴിച്ചുവെച്ചാല്‍, ഈ മാല പാര്‍വ്വതിയും സൂരജിന്റെ അമ്മയും തമ്മില്‍ എന്താണ് വ്യത്യാസം? 20 മണിക്കൂറിനുള്ളില്‍ ഇടറി വീണ സ്ത്രീപക്ഷ മുഖം!

ചിലര്‍ അങ്ങനെയാണ്. നമ്മുടെ മനസ്സുകളില്‍ ഒരു ആരാധനാ പാത്രമായി സ്ഥാനം പിടിക്കും. പക്ഷെ അടിത്തറയിലെ വിള്ളല്‍ വെളിവാകുമ്പോള്‍ ആരാധിക്കപ്പെട്ടതിനെകാള്‍ എത്രയോ അധികം വേഗതയില്‍ ഒരു തനി സ്വന്തം കാര്യം മാത്രം നോക്കുന്ന വ്യക്തിയാകും.

ഈ പ്രതിഭാസത്തിന്റെ ഇപ്പോഴത്തെ ഏറ്റവും മികച്ച ഉദാഹരണമാണ് നടിയും, സാമൂഹിക പ്രവര്‍ത്തകയും, സ്ത്രീപക്ഷ വാദിയുമായ മാല പാര്‍വ്വതി.

സംഭവം ഇങ്ങനെ ..

ഇന്നലെ, ഈ കുറിപ്പ് എഴുതുന്നതിന് ഏകദേശം 20 മണിക്കൂര്‍ മുന്‍പ് (ഫേസ്ബുക്കാണ് സമയം പറയുന്നത്.) ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും, മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് ഒരു ലൈവ് ചെയ്തു. താന്‍ ഏകദേശം ഒരു ദിവസം മുന്‍പ് പോസ്റ്റ് ചെയ്ത ഒരു കുറിപ്പിന്റെ രണ്ടാം ഭാഗമാണ് ഈ വീഡിയോ.

ആ ആദ്യത്തെ പോസ്റ്റ് ഇങ്ങനെ :

‘ഇന്ന് രാവിലെ വെറുതെ ഒന്ന് മെസ്സേജ് റിക്ക്വസ്റ്റ് ബോക്സ് തുറന്ന് നോക്കി. അയ്യോ! ഞാന്‍ ഞെട്ടിപോയി. പ്രശസ്ത ആക്ടിവിസ്റ്റ്, ഫെമിനിസ്റ്റ്, അഭിനേത്രി ആയ മലയാള സിനിമയിലെ ഒരു നടിയുടെ മകന്റെ മെസ്സേജ്. അമ്മ സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി പോരാടുമ്പോള്‍ മകന്‍ സ്ത്രീകളുടെ നഗ്നത കാണാനായി പോരാടുന്നു.

ചില വ്യക്തികളോട് നിര്‍ദ്ദേശം സ്വീകരിച്ചതിന് ശേഷം സ്ക്രീനില്‍ സ്ക്രീന്‍ഷോട്ട് പ്രദര്‍ശിപ്പിക്കുന്നതാണ്. Wait and see.’

ലൈവില്‍ സീമ വിനീത് പറഞ്ഞതിന്റെ സാരാംശം (മുഴുവന്‍ എഴുതാനുള്ള സാങ്കേതിക തടസ്സം മനസ്സിലാക്കുക.) തനിക്ക് ഉണ്ടായ ഈ ദുരനുഭവത്തിനെ കുറിച്ച് താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും, എന്താണ് പിന്നീട് ഉണ്ടായതെന്നുമാണ്. ഇവിടെയും ആ വ്യക്തിയുടെ അമ്മയുടെ പേര് സീമ വെളിപ്പെടുത്തുന്നില്ല. പക്ഷെ, കഴിഞ്ഞ പോസ്റ്റിന് ശേഷം അവര്‍ വിളിച്ചിരുന്നുവെന്നും, മെസ്സേജ് ചെയ്തിരുന്നുവെന്നും സീമ പറഞ്ഞു. അവര്‍ പറഞ്ഞത് ഈ സംഭവം കാരണം സീമയ്ക്കും, സീമയുടെ കമ്മ്യൂണിറ്റിയ്ക്കും ഉണ്ടായ വിഷമത്തിന് മാപ്പ് എന്നും, നിയമപരമായി മുന്നോട്ട് പോകാന്‍ സഹായിക്കാമെന്നും, മകനെ പറഞ്ഞ് മനസ്സിലാക്കാന്‍ ‘ശ്രമിക്കാം’ എന്നുമാണ്. തന്റെ മകന് മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായും താരം പറഞ്ഞു. പക്ഷെ അങ്ങനെ ബുദ്ധിമുട്ടുകള്‍ ഉള്ള ആളാണോ നന്നായി ആല്‍ബം ഡയറക്ട് ചെയ്തതെന്നാണ് സീമ ചോദിക്കുന്നത്. താന്‍ ആലോചിച്ചത് ഈ അമ്മയ്ക്കായിരുന്നു ഇങ്ങനെ മെസ്സേജുകള്‍ വന്നിരുന്നതെങ്കില്‍ അവര്‍ എന്ത് വലിയ കോലാഹലം സൃഷ്ടിക്കുമെന്നാണ്. താരത്തിന്റെ മകന്‍റെ മെസ്സേജുകളില്‍ സീമയുടെ ലൈംഗിക അവയവത്തെ കുറിച്ചുള്ള അന്വേഷണവും അദ്ദേഹത്തിന്റെ ലൈംഗിക അവയവത്തിന്റെ ചിത്രവും ഒക്കെ ഉള്‍പ്പെടും. താന്‍ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും സീമ പറഞ്ഞു.

പിന്നെയാണ് 8 മണിക്കൂറുകള്‍ക്ക് ശേഷം പലരും ഏറ്റെടുത്ത സീമയുടെ പോസ്റ്റ് വരുന്നത്. മെസ്സേജുകളുടെ സ്ക്രീന്‍ഷോട്ടും, അദ്ദേഹം അയച്ച ചിത്രത്തില്‍ സെന്‍സര്‍ ചെയ്യപ്പെടേണ്ടത് മറച്ചും സീമ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

സീമ വിനീതിന്റെ ആ കുറിപ്പ് ഇങ്ങനെ :

‘നിങ്ങള്‍ വളര്‍ന്നു, ശ്രീ മാല പാര്‍വ്വതി. പക്ഷെ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നു….

ചുവടെ കൊടുത്തിരിക്കുന്ന മെസ്സേജിന്റെ സ്ക്രീന്‍ഷോട്ട് ഒരു പ്രമുഖ നടിയുടെ മകന്‍ എനിക്ക് 2017 മുതല്‍ അയയ്ക്കുന്ന മെസ്സേജുകളാണ്. അശ്ലീല ഭാഗങ്ങള്‍ ഉള്‍പ്പെടെ കാണിച്ചുകൊണ്ടുള്ള മെസ്സേജ് ഇന്നലെ അണ്‍റെഡ് മെസ്സേജ് നോക്കുന്നതിന് ഇടയില്‍ ശ്രദ്ധയില്‍ പെട്ടു. സിനിമ മേഖലയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും, ആണ്‍മേല്‍ക്കോയ്മക്കും, സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും, എതിരെ ശബ്ദം ഉയര്‍ത്തുന്ന സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തി! പലരും എന്നോട് ചോദിച്ച ചോദ്യം ഞാന്‍ എന്നോട് ചോദിച്ചു.

നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. നിങ്ങള്‍ നല്ല ഒരു വ്യക്തിത്വം ആണ്. നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങള്‍ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ്. പക്ഷെ നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല. നിങ്ങളുടെ മകനാണ് തെറ്റ് ചെയ്തത്. നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു. പക്ഷെ ഒരു മാപ്പില്‍ ഒതുങ്ങുന്നതല്ല ഒരു വ്യക്തിയുടെ അഭിമാനം. അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്. എത്ര ധൈര്യത്തോടെയാണ് ഈ പറയുന്ന അനന്തകൃഷ്ണന്‍ എനിക്ക് ഇത്തരത്തില്‍ ഒരു അശ്ലീല സന്ദേശം അയച്ചത്. ഇവിടെ ഞാനും എന്റെ ജെന്‍ഡറും വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ വല്ലാത്ത മാനസിക അവസ്ഥയിലാണ് ഈ ഒരു പോസ്റ്റ് ചെയ്യുന്നത്. കാരണം, നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ നിങ്ങളുടെ മകന്‍ ചെയ്ത തെറ്റ് ഞാന്‍ ഇന്ന് മറച്ചു വെച്ചാല്‍ ഞാന്‍ ഇന്നുവരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം, ആദര്‍ശം എല്ലാം ഞാന്‍ ഒരു പ്രശസ്തിയുടെ മുന്നില്‍ അടിയറവ് പറയുന്നതുപോലെ ആവും…

ഇനി ആരോടും ഇത് ആവര്‍ത്തിക്കരുത്. ഞാന്‍ ഒരു ട്രാന്‍സ് വുമണ്‍ ആണ്. എനിക്കും ഉണ്ട് അഭിമാനം. എന്റെ ലൈംഗീകത ചോദ്യം ചെയ്യാന്‍ മാത്രം ആരെയും അനുവദിക്കില്ല.’

ഈ കുറിപ്പില്‍ പോലും സീമ വിനീത് മാല പാര്‍വ്വതിയോട് കാണിക്കുന്ന ഒരു മാന്യതയുണ്ട്. ബഹുമാനം ഉണ്ട്. അത് സമൂഹത്തിനും സ്ത്രീകള്‍ക്കും വേണ്ടി ഇത്ര ശബ്ദം ഉയര്‍ത്തുന്ന ഒരാളോട് ഉള്ള ആദരവാണ്. ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്ന അവര്‍ക്ക് സ്വന്തം മകന്റെ വൈകൃതത്തെ (ഇതിന് ഒക്കെ അല്ലാതെ എന്താണ് പറയുക?) തിരുത്താന്‍ സാധിക്കാതെ പോയത് കുറിപ്പ് വായിക്കുന്നവര്‍ക്ക് ഒരു തെറ്റായി തോന്നുമെങ്കിലും, അതിനെ പരമാവധി മയപ്പെടുത്താന്‍ സീമ ശ്രമിച്ചിട്ടുണ്ടെന്നത് വിസ്മരിക്കാന്‍ കഴിയില്ല.

പക്ഷെ മാല പാര്‍വ്വതി ചെയ്തതോ? ഒരു മണിക്കൂറിന് ശേഷം സ്വന്തം പ്രൊഫൈലില്‍ ഒരു പോസ്റ്റ് ഇട്ടു. ആദ്യം ഇപ്പോള്‍ സംഭവിക്കുന്നത് വിവരിക്കുന്നു. പ്രിയപ്പെട്ടവരോട് കാര്യങ്ങള്‍ അറിയിക്കുന്നതായി കാണാം. പക്ഷെ അവര്‍ അവസാനം പറഞ്ഞത് ആര്‍ക്കാണ് അംഗീകരിക്കാന്‍ കഴിയുക? 27 വയസ്സുകാരനായ മകന്‍ സ്വതന്ത്ര വ്യക്തിയാണെന്ന്. ഇതാണോ നിങ്ങളുടെ കണ്ണിലെ സ്വാതന്ത്രം? മക്കളെ അടച്ച് പൂട്ടി ഇടണമെന്ന് അല്ല. പക്ഷെ ഒരാള്‍ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത് വേറെ ഒരാളുടെ (ഏത് ജെന്‍ഡര്‍ ആണെങ്കിലും കുറ്റം കുറ്റമാണ്.) ഇന്‍ബോക്സില്‍ അശ്ലീല മെസ്സേജുകള്‍ അയയ്ക്കാനാണോ? ഇങ്ങനെ ഒരു ‘സ്വാതന്ത്ര്യം’ നിങ്ങളോട് ഒരാള്‍ കാണിച്ചാല്‍ (കാണിക്കാതെ ഇരിക്കട്ടെ) അത് അയാളുടെ സ്വാതന്ത്ര്യമാണ്, കേസിന് പോകാമെന്ന് നിങ്ങള്‍ പറയുമോ? അതാണോ നിങ്ങളുടെ കൊട്ടി ഘോഷിക്കപ്പെടുന്ന സ്ത്രീപക്ഷവാദം? നിങ്ങള്‍ എന്താണ് സീമയോട് പറഞ്ഞത്? പറഞ്ഞ് മനസ്സിലാക്കാന്‍ ‘ശ്രമിക്കാം’ എന്നോ?ആര്‍ക്ക് വേണ്ടി? നിങ്ങളുടെ ശ്രമം വിജയിച്ചില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രൊഫൈല്‍ ഉള്ളവര്‍ ആ വൈകൃതം സഹിക്കട്ടെ എന്നാണോ? നിങ്ങള്‍ സംസാരിച്ചതിന്റെ കോള്‍ റെക്കോര്‍ഡും മെസ്സേജുകളുടെ സ്ക്രീന്‍ഷോട്ടും എല്ലാം സീമയുടെ കൈയില്‍ ഉണ്ട്. ഈ പോസ്റ്റിന് ഒക്കെ ലൈക്കും, ലവ്വും ഒക്കെ കൊടുക്കുന്നവര്‍ മാലാ പാര്‍വ്വതിയുടെ സോ – കോള്‍ഡ് സ്ത്രീപക്ഷത്തിന്റെ വാദികള്‍ തന്നെ ആയിരിക്കുമല്ലേ? മകന്‍ ഇത്ര അരുതാത്തത് ചെയ്തിട്ടും അവനെ പിന്തുണയ്ക്കുന്ന, സീമ നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന നിങ്ങളുടെ സ്തീപക്ഷവാദി – സാമൂഹിക പ്രവര്‍ത്തക മുഖംമൂടി അഴിഞ്ഞു വീണു, മാല പാര്‍വ്വതി. ഇപ്പോള്‍ നിങ്ങള്‍ തെറ്റു ചെയ്ത മകനെ എങ്ങനെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു അമ്മ മാത്രമാണ് ; കുറ്റകൃത്യത്തില്‍ പങ്കാളിയായത് ഒഴിച്ചു നിര്‍ത്തിയാല്‍, ഉത്ര വധക്കേസിലെ സൂരജിന്റെ അമ്മയെ പോലെ.

സീമയും പ്രതികരണങ്ങളുമായി മുന്നോട്ട് തന്നെയാണ്. ഇനി ആര്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് ആശംസിക്കാന്‍ ഇന്നത്തെ കാലത്ത് നിര്‍വാഹമില്ല. ഇത്തരം ദുരനുഭവങ്ങള്‍ നേരിടുന്നവര്‍ക്ക് നീതിയ്ക്കായി പൊരുതാന്‍ ധൈര്യം ഉണ്ടാകട്ടെ!

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top