Sports

ഇന്ത്യന്‍ ടീമില്‍ സ്വജനപക്ഷപാതം ഇല്ല ; അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ ടീം പ്രവേശനം എളുപ്പമാകില്ലെന്ന് ആകാശ് ചോപ്ര

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതമില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. കമന്റേറ്റര്‍ കൂടിയായ ആകാശ് ചോപ്രയുടെ പ്രസ്താവന സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്കറുടെ മകന്‍ രോഹന്‍ ഗവാസ്കര്‍ എന്നിവരുടെ കരിയര്‍ ഗ്രാഫിന്റെ വെളിച്ചത്തിലാണ്. ചോപ്ര ആഭ്യന്തര മത്സരങ്ങളില്‍ ചിലപ്പോള്‍ ഇത് നടന്നേക്കാമെന്നും, പക്ഷെ രാജ്യാന്തര മത്സരങ്ങളില്‍ സ്വജനപക്ഷപാതം നടക്കില്ലെന്നും പറഞ്ഞു.

യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെ ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ :

‘രോഹന്‍ ഗവാസ്കര്‍ സുനില്‍ ഗവാസ്കറുടെ മകനായിരുന്നു. സ്വജനപക്ഷപാതം ഉണ്ടായിരുന്നെങ്കില്‍ രോഹന്‍ ഒരുപാട് മത്സരങ്ങള്‍ കളിക്കണമായിരുന്നു. പക്ഷെ അത് ഉണ്ടായില്ല. അവസാനം അദ്ദേഹം ഇന്ത്യക്കായി കളിച്ചത് ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയപ്പോഴാണ്. സുനില്‍ ഗവാസ്കര്‍ മുബൈക്കായി തന്റെ മകനെ കളിപ്പിച്ചില്ല. സച്ചിന്റെ മകന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. തളികയില്‍ വെച്ച് അദ്ദേഹത്തിന് ഒന്നും ലഭിക്കുന്നില്ല. ഉയര്‍ന്ന തലത്തില്‍ ഒരു വിട്ടുവീഴ്ച്ചയും നടക്കില്ല.’

ഇതുവരെ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടില്ല. രോഹന്‍ ഗവാസ്കര്‍ 11 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ച് 151 റണ്‍സ് നേടി. ആഭ്യന്തര മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ശരാശരി 44 ആണ്. നിലവില്‍ രോഹന്‍ ഗവാസ്കര്‍ ക്രിക്കറ്റ് കമന്റേറ്ററാണ്.

സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സജീവമായത്. ആരാധകര്‍ ആകാശ് ചോപ്രയോട് ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതം ഉണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം ഇതിന്റെ മറുപടിയായാണ് തന്റെ നിരീക്ഷണങ്ങള്‍ പുറത്തു പറഞ്ഞത്.

Most Popular

To Top