Entertainment

ആന ചരിഞ്ഞതില്‍ ദുഖമുണ്ട്; പക്ഷെ ഇതൊരു മഹാ അപരാധം ആയി എനിക്ക് തോന്നുന്നില്ലെന്ന് അഞ്ജലി അമീര്‍

പാലക്കാട് പന്നിപടക്കം നിറച്ച കൈതച്ചക്ക കഴിച്ച് വായ താടിയെല്ലും നാവും തകര്‍ന്ന് ദാരുണമായി ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ സിനിമ-രാഷ്ട്രീയ മേഖലകളില്‍ നിന്ന് വലിയ പ്രതിഷേധമാണുണ്ടായത്. സംഭവത്തില്‍ പ്രതികരണ വുമായി നടി അഞ്ജലി അമീറും എത്തിയിരിക്കുകയാണ്. സംഭവത്തില്‍ ദുഖമുണ്ടെന്ന് പറഞ്ഞാണ് അഞ്ജലിയുടെ പോസ്റ്റ് തുടങ്ങുന്നത്.’ഒരു ആന, അതും ഗര്‍ഭിണി ആയപ്പോള്‍ പടക്കം നിറച്ചു വെച്ച പൈനാപ്പിള്‍ കടിച്ചു വായില്‍ മുറിവ് പറ്റി ചരിഞ്ഞു. അത്യധികം വേദന ഉണ്ടാക്കുന്ന സംഭവം. വാര്‍ത്ത വായിച്ചപ്പോള്‍ വിഷമം തോന്നി. ഇനി ഇങ്ങനെ ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ എന്തോ ഇതൊരു മഹാ അപരാധം ആയി എനിക്ക് തോന്നുന്നില്ല. വിയോജിപ്പ് ഉണ്ടാകും എന്നറിയാം എന്റെ ഈ പോസ്റ്റിനോട്. പക്ഷെ ചിലത് പറയാതെ വയ്യ. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു മലയോര മേഖലയില്‍ ആണ്. ഞാന്‍ എന്റെ 25 വയസ്സ് വരെ ജീവിച്ച നാട്ടില്‍ വൈദ്യുതി എത്തിയിരുന്നില്ല. കൃഷി മാത്രമായിരുന്നു അവിടെ താമസിച്ച എല്ലാവരുടെയും ആകെയുള്ള ഉപജീവനമാര്‍ഗം.

ചേമ്ബും, ചേനയും, കപ്പയും, വാഴയും, തെങ്ങും, കവുങ്ങും, റബ്ബറും, കശുമാവും എന്തിനു ഈ പറയുന്ന പൈന്‍ ആപ്പിള്‍ വരെ കൃഷി ചെയ്ത നാട്ടുകാര്‍. അവിടെ നിന്നു ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ ആനയും പന്നിയും കാട്ടുപോത്തും ഒക്കെയുള്ള നിബിഡവനം. എനിക്കറിയാം അവിടെ ഒക്കെ സംഭവിച്ച കഥകള്‍. അവിടെ താമസിച്ചവര്‍ ആരും പണക്കാരായിരുന്നില്ല. സുഖവാസത്തിനു കാട്ടില്‍ വന്നു കള്ളും കുടിച്ചു അടിച്ചു പൊളിക്കാന്‍ വന്ന ന്യൂ ജന്‍ പിള്ളേരും ആയിരുന്നില്ല. ജീവിക്കാന്‍ നിവൃത്തി ഇല്ലാതെ, സ്വന്തം കുടുംബത്തിന്റെ നിലനില്‍പ്പിനു വേണ്ടി, അവരുടെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കോട്ടയത്ത് നിന്നും തൊടുപുഴയില്‍ നിന്നും കൊല്ലത്തു നിന്നുമൊക്കെ മനക്കരുത്തിന്റെയും അദ്ധ്വാനിക്കാന്‍ ഉള്ള മനസ്സിന്റെയും മാത്രം പിന്‍ബലത്തില്‍ ജീവിക്കാന്‍ ആണോ മരിക്കാന്‍ ആണോ എന്നറിയാത്ത യാത്ര പുറപ്പെട്ടു, ചോര നീരാക്കി ഇവിടെ എത്തിയവര്‍.

ഫ്‌ലാറ്റുകളില്‍ ഇരുന്നു, ആന ചരിഞ്ഞതില്‍ നെഞ്ചു പൊട്ടി പോസ്റ്റിടുന്ന, കവിത എഴുതുന്ന എല്ലാവരും ഒന്നു മനസ്സിലാക്കിക്കോ. നിങ്ങള്‍ മാര്‍ക്കറ്റില്‍ പോയി മേടിച്ചു കൊണ്ടു വരുന്ന പല സാധനങ്ങളും ഇങ്ങനെ കാട്ടുപന്നിയെ തുരത്തിയും, കാട്ടാനയെ തടഞ്ഞു നിര്‍ത്തിയും പാവപ്പെട്ട കൃഷിക്കാര്‍ ഉണ്ടാക്കിയ സാധനങ്ങള്‍ തന്നെയാണ്. അല്ലാതേ നിങ്ങള്‍ എന്തെങ്കിലും തിന്നുണ്ടെങ്കില്‍ അത് മാരകമായ വിഷം തളിച്ച് തമിഴനും തെലുങ്കനും ഉണ്ടാക്കി മലയാളിയുടെ അണ്ണാക്കിലോട്ടു തള്ളി തരുന്നത് മാത്രമേയുള്ളൂ. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ കൊത്തിയെടുത്തു വില്‍ക്കാന്‍ കാത്തിരിക്കുന്ന വാഴക്കുല മൊത്തം ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്‌ബോള്‍ ചവിട്ടി മെതിക്കപെട്ടു കിടക്കുന്ന കാഴ്ചകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ചങ്കു നീരാക്കി മൂപ്പെത്തിച്ച കപ്പ മുഴുവന്‍ പന്നി ഉഴുതു മറിച്ചു പോയ കാഴ്ച കണ്ടു തലയില്‍ കൈവെച്ചു ഇരുന്നു പോയ പാവങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ചേനയും ചേമ്ബും നശിച്ചു കിടക്കുന്നതു കണ്ടു കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്ന കര്‍ഷക കുടുംബത്തെ കണ്ടിട്ടുണ്ടോ നിങ്ങള്‍. ഉണ്ടാകില്ല. പക്ഷെ ഞാന്‍ കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടും ഉണ്ട് ആ വിഷമം. അത് കൊണ്ടു തന്നെ എന്തോ ആനയെ അല്ലെങ്കില്‍ പന്നിയെ ഓടിക്കാന്‍ കാലങ്ങളായി ചെയ്തു പോരുന്ന ഒരു മാര്‍ഗങ്ങളില്‍ ഒന്നു മഹാ അപരാധം ആയിട്ടൊന്നും എനിക്ക് തോന്നുന്നില്ല.

പാട്ട കൊട്ടിയും പടക്കം എറിഞ്ഞും കൊല വിളി നടത്തുന്ന കാട്ടാന കൂട്ടത്തിന്റെ മുന്നില്‍ പോയവരെ എനിക്കറിയാം. കാട്ടാന ചവിട്ടി കൊന്ന എന്റെ സുഹൃത്തുക്കളെയും ഓര്‍മ്മയുണ്ട്. മലഞ്ചെരിവിലെ ഓലിയില്‍ നിന്നു വെള്ളം തിരിച്ചു വിടാന്‍ പോയ ഒരു ചേട്ടന്‍ കാട്ടു പന്നിയുടെ തേറ്റ കൊണ്ടുള്ള കുത്ത് കിട്ടി മരിച്ചു കിടക്കുന്ന കാഴ്ചയും കണ്ടിട്ടുണ്ട്. ഇതിനു മുന്‍പും ഈ മണ്ണില്‍ കാട്ടു പന്നിയെയും കാട്ടാനയെയും മറ്റു ജീവികളെയും കൊന്നിട്ടുണ്ട്. സ്വയരക്ഷക്കും മാംസത്തിനും വിനോദത്തിനുമൊക്കെ. പടക്കം വെച്ചത് നല്ലകാര്യം എന്നൊന്നും പറയുന്നില്ല. പക്ഷെ ആ വെച്ച ആള്‍ ഒരിക്കലും അത് കടിക്കാന്‍ വരുന്നത് ഒരു ഗര്‍ഭിണിയായ ആന എന്നറിഞ്ഞില്ല എന്നത് കട്ടായം. തന്റെ കൃഷി സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം എന്നതും വ്യക്തം.

അയാള്‍ നികുതി അടക്കുന്ന അയാളുടെ സ്ഥലം, അതിലെ കൃഷി സംരക്ഷിക്കുക എന്നത് അയാളുടെ ഉത്തരവാദിത്തം തന്നെയാണ്. നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെ ഒരു പാമ്ബ് കടിക്കാന്‍ വന്നാല്‍ നിങ്ങള്‍ അതിനെ കൊല്ലില്ലേ? അപ്പോള്‍ പാമ്ബിനെ കൊല്ലരുത് എന്ന നിയമം പാലിക്കാന്‍ മാറി നില്‍ക്കുമോ? അത് പോലെ അയാള്‍ പൊന്നുപോലെ നോക്കി കാണുന്ന കൃഷി നശിപ്പിക്കാന്‍ വരുന്ന എന്തിനെയും അയാള്‍ തുരത്തും. അല്ലെങ്കില്‍ കര്‍ഷകന്റെ സ്ഥലത്തിനും കൃഷിക്കും ജീവനുമൊക്കെ സംരക്ഷണം കൊടുക്കാന്‍ നികുതി മേടിക്കുന്ന അതാതു സര്‍ക്കാരിനും വനംവകുപ്പിനും സാധിക്കണമെന്ന് അജ്ഞലി പറയുന്നു. ഏതൊരു കാര്യത്തിനും രണ്ട് വശങ്ങളുണ്ട്. എല്ലാവരും ആനക്ക് പിന്തുണയുമായി എത്തിയപ്പോള്‍ അഞ്ജലി കര്‍ഷകന്റെ ഭാഗത്തുനിന്നാണ് സംസാരിച്ചത്. പ്രതികരിക്കേണ്ട സംഭവങ്ങളില്‍ തന്റെതായ നിലപാട് വ്യക്തമാക്കുന്ന ബോള്‍ഡായ നടിയാണ് അജ്ഞലി അമീര്‍.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top