Entertainment

അര്‍ദ്ധരാത്രി ഒടിടി റിലീസ് ; നേരം പുലര്‍ന്നപ്പോള്‍ ഓണ്‍ലൈനില്‍ വ്യാജപതിപ്പും

മലയാളത്തില്‍ ആദ്യമായി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത സിനിമയായ ‘സൂഫിയും സുജാതയുടെ’യും വ്യാജപതിപ്പ് റിലീസ് കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഓണ്‍ലൈനില്‍ എത്തി. ഏറെ വിവാദങ്ങള്‍ക്ക് ശേഷം ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജപതിപ്പുകളാണ് ടെലഗ്രാം ഗ്രൂപ്പുകളിലും ടോറന്റ് സൈറ്റുകളിലും ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ 12 മണിക്ക് ആയിരുന്നു വിജയ് ബാബു നിര്‍മ്മിച്ച ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ് നായിക.

കോവിഡ് രോഗബാധയെ തുടര്‍ന്ന് അടച്ചിട്ട തിയേറ്ററുകള്‍ തുറക്കാന്‍ വൈകുമെന്ന് ഉറപ്പായതോടെയാണ് ‘സൂഫിയും സുജാതയും’ തിയേറ്റര്‍ റിലീസിന് കാത്തിരിക്കാതെ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഇതിന് എതിരെ വിതരണക്കാരും തിയേറ്റര്‍ ഉടമകളും എതിര്‍പ്പ് ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ നിശ്ചയിച്ച റിലീസുമായി നിര്‍മ്മാതാവ് മുന്നോട്ട് പോകുകയായിരുന്നു.

Most Popular

To Top