Kerala News

‘അന്ന് സരിതയുടെ സാരിയുടെ എണ്ണം എടുത്തു. ഇന്ന് സ്വപ്നയുടെ സൗന്ദര്യത്തിന്റെ വര്‍ണ്ണന ; പെണ്ണ് കുറ്റകൃത്യം ചെയ്യുമ്പോള്‍ മാത്രം സംഭവിക്കുന്നത്’ ; ജീന അല്‍ഫോണ്‍സ ജോണിന്റെ കുറിപ്പ് വൈറല്‍

വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയുടെ വാര്‍ത്തകള്‍ കേരളത്തെ ചൂടു പിടിപ്പിക്കുകയാണ്. ഇതിന് ഇടയിലും കുറ്റകൃത്യത്തിന്റെ എല്ലാ ഗൗരവവും മറന്നു കൊണ്ടാണ് പലരും പ്രതികരിക്കുന്നത്. കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ സ്വപ്ന സുരേഷിനെ ബോഡി ഷെയ്മിങ്ങ് നടത്തുന്നതിലാണ് പലര്‍ക്കും കമ്പം. കുറ്റകൃത്യത്തിന്റെ വ്യാപ്തി ചര്‍ച്ചയാക്കുന്നതിന് പകരം സ്വപ്നയുടെ ശാരീരിക സൗന്ദര്യം ചര്‍ച്ചയാക്കുന്ന വികലമായ ചിന്തകള്‍ക്ക് എതിരെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഫ്രീലാന്‍സ് എഴുത്തുകാരിയായ ജീന അല്‍ഫോണ്‍സ ജോണ്‍.

പെണ്ണ് കുറ്റകൃത്യം ചെയ്യുമ്പോള്‍ അവളുടെ ശാരീരിക സൗന്ദര്യം കൂടുതലായും ചര്‍ച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ജീന ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ജീന കുറിപ്പ് പങ്കുവെച്ചത്.

ജീന അല്‍ഫോണ്‍സ ജോണിന്റെ കുറിപ്പ് ഇങ്ങനെ :

‘പെണ്ണ് കുറ്റകൃത്യം ചെയ്യുമ്പോള്‍ അവളുടെ ശാരീരിക സൗന്ദര്യം കൂടുതലായും ചര്‍ച്ച ചെയ്യപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?? അന്ന് അത് സരിത ആണെങ്കില്‍ ഇന്ന് സ്വപ്ന. ഇന്നലത്തെ രാത്രിയിലെ ചൂടുള്ള അന്തിചര്‍ച്ചകളില്‍ പല ബഹുമാനാര്‍ഹരായ വ്യക്തികള്‍ പോലും ‘സ്വപ്ന. സുന്ദരിയായ സ്വപ്ന’, ‘മാദക സൗന്ദര്യം’ എന്നൊക്കെ പറയുന്നത് കേട്ട് പുശ്ചം തോന്നിപ്പോയി.

ഏകദേശം 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോളാര്‍ കേസിന്റെ സമയത്തും ഇതൊക്കെ തന്നെ ആയിരുന്നു അവസ്ഥ. ‘സരിതയും അവിഹിതങ്ങളും’ എന്ന നിലയില്‍ മാത്രമാണ് അന്ന് ആ കേസ് മുഴുവനായും സഞ്ചരിച്ചത്. സരിതയുടെ അലമാരിയിലെ സാരിയുടെ എണ്ണവും, എങ്ങനെ നന്നായി സാരി ഉടുക്കാം എന്നതും ഒക്കെ ആയിരുന്നു അന്ന് പല യുട്യൂബ് ചാനലുകളിലെയും ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങളിലെയും ട്രെന്‍ഡിങ്ങ് ചര്‍ച്ചാവിഷയം. എന്തുമാത്രം പേജുകളാണ് സരിതയ്ക്കു വേണ്ടി നവമാധ്യമങ്ങളില്‍ ഉയര്‍ന്നു വന്നത്. പലതിനും പതിനായിരകണക്കിന് ഫോളൊവേഴ്സ്. സരിത ഫാന്‍സ് അസോസിയേഷന്‍ പോലും സ്ഥാപിക്കപ്പെട്ട് ചൂടൂള്ള വാര്‍ത്തകള്‍ കൈമാറി. അതുകൊണ്ടൊക്കെ തന്നെ കേസ് സ്വാഹ! പെന്‍ഡ്രൈവ് തിരഞ്ഞ് മാത്രം എന്തുമാത്രം നികുതി തുകയാണ് സംസ്ഥാനം ചിലവിട്ടത്? എന്നിട്ടും പുറത്തുവന്നത് പല കേട്ടാല്‍ അറയ്ക്കുന്ന ഫോണ്‍വിളികളും കഥകളും മാത്രം. കേസ് എന്തായി? ഇന്ന് നമ്മള്‍ ഇരുട്ടില്‍ തപ്പുന്നു. സരിതയ്ക്ക് പിന്നാലെ പായുന്നു.

സ്വപ്നയുടെ കേസും ഇന്ന് വിഭിന്നമല്ല. അവിഹിത കഥകള്‍ പലതും പുറത്തു വന്നുകൊണ്ടേ ഇരിക്കുന്നു. പലര്‍ക്കും സ്വപ്ന മദ്യപിക്കും, പല പുരുഷന്മാരായ ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടില്‍ വന്ന് പോകും എന്നതൊക്കെയാണ് വലിയ കണ്ടുപിടുത്തങ്ങള്‍. എന്തൊരു കഷ്ടമാണ് മനുഷ്യന്മാരേ.. അവിഹിതത്തിലും ‘ഒരു ഹിതം’ ഉണ്ടെന്ന് എന്നാണ് ഇനി നിങ്ങള്‍ മനസ്സിലാക്കുക?? ‘സ്വപ്നയുടെ മാദകസൗന്ദര്യം’, ‘അഴകളവുകള്‍’ എന്നൊക്കെയുള്ള പേരില്‍ അവരുടെ പല ചിത്രങ്ങളും എടുത്ത് പെരുമാറാന്‍ ആരാണ് നിങ്ങള്‍ക്ക് അനുവാദം നല്‍കിയത്??

എന്റെ അറിവ് ശരിയാണെങ്കില്‍ സ്വപ്നയോടൊപ്പം സരിത്ത് എന്ന പുരുഷനാണ് ആദ്യം പിടിയിലായത്. സത്യത്തില്‍ അയാളുടെ പേര് പോലും എവിടെയും ആരും പരാമര്‍ശിച്ചു കണ്ടില്ല. എല്ലാവര്‍ക്കും സ്വപ്നയുടെ ആരും പറയാത്ത കഥകളും, നെഞ്ചളവും ഒക്കെ കണ്ടെത്തുന്നതിലാണ് കൗതുകം.

രാജ്യത്തിന്റെ വിദേശ ബന്ധങ്ങളെ പോലും സ്വാധീനിക്കുന്ന നമ്മുടെ നേതാക്കളും, പല ഉദ്യോഗസ്ഥരും അടക്കം ഒരു സിസ്റ്റം മുഴുവനായും ഒരു സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരു കേസാണിത്. തെളിയിക്കപ്പെടേണ്ടത് യാഥാര്‍ത്ഥ്യങ്ങളാണ്. കുറ്റവാളികള്‍ ആരായിരുന്നാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സത്യം വിജയിക്കണം. വളച്ചൊടിക്കപ്പെടാതെ നീതി നടപ്പാകണം. ഇത്തരം കേസുകള്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നതിനോട് കടുത്ത വിരോധമുണ്ട്. എന്നിരുന്നാലും ജനങ്ങള്‍ കബളിപ്പിക്കപ്പെടാതിരിക്കട്ടെ.

ഇത്രയും ധീരമായ വെളിപ്പെടുത്തല്‍ നടത്തിയ, നടപടി സ്വീകരിച്ച നമ്മുടെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് മുഴുവന്‍ ബഹുമാനവും… ഇവരെപ്പോലെ ഉള്ളവരിലാണ് രാജ്യത്തിന്റെ പ്രതീക്ഷ.’

Most Popular

To Top