Entertainment

‘അന്ന് ചാക്കോച്ചന്‍ ഹീറോ, ഞാന്‍ അവതാരകന്‍’ ; ഓര്‍മ്മചിത്രം പങ്കുവെച്ച് അനൂപ് മേനോന്‍

പഴയകാലത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പലപ്പോഴും ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നവയാണ്. ഓരോ ചിത്രങ്ങള്‍ക്കും ഒരുപാട് കഥകള്‍ പറയാന്‍ ഉണ്ടാകും. അനൂപ് മേനോന്‍ മുന്‍പ് പങ്കുവെച്ചിരുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അനൂപ് മേനോന്‍ ‘പഴയ ഒരു ആല്‍ബത്തില്‍ നിന്ന്.. ചാക്കോച്ചന്‍ ‘നിറത്തി’ന്റെ വിജയത്തോടെ തിളങ്ങി നില്‍ക്കുന്ന സമയം. ഞാന്‍ സൂര്യ ടിവിയില്‍ അവതാരകനായിരുന്ന കാലം. ഞാന്‍ ചാക്കോച്ചന്‍റെ അഭിമുഖത്തിന് എത്തിയതായിരുന്നു.’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

2015 ജുലൈയില്‍ അനൂപ് മേനോന്‍ പങ്കുവെച്ച ചിത്രം ഫേസ്ബുക്ക് മെമ്മറിയില്‍ നിന്നും കണ്ടെടുത്ത് പ്രചരിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. അവതാരകനായി തന്റെ കരിയര്‍ തുടങ്ങിയ അനൂപ് മേനോന്‍ പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നത്. ശ്യാമപ്രസാദിന്റെ ‘ശമനതാളം’ എന്ന സീരിയലിലൂടെ ആയിരുന്നു അനൂപ് മേനോന്റെ തുടക്കം. ‘കാട്ടുചെമ്പകം’ ആയിരുന്നു ആദ്യ സിനിമ. ‘പകല്‍ നക്ഷത്രങ്ങള്‍’, ‘കോക്ക്ടെയില്‍’, ‘ബ്യൂട്ടിഫുള്‍’ എന്നിവയുടെ തിരക്കഥകള്‍ തയ്യാറാക്കി തിരക്കഥാകൃത്ത് എന്ന രീതിയിലും അനൂപ് തന്റെ പ്രതിഭ തെളിയിച്ചു.

നടന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം തിളങ്ങിയ അനൂപ് മേനോന്‍ ഇപ്പോള്‍ സംവിധാന രംഗത്തേക്കും കടന്നിരിക്കുകയാണ്. അനൂപ് ആദ്യമായി സംവിധാനം ചെയ്ത’കിങ്ങ് ഫിഷ്’ തിയേറ്ററുകളില്‍ എത്താന്‍ ഇരിക്കുകയാണ്. യാദൃശ്ചികമായാണ് സംവിധായകന്‍റെ റോള്‍ അനൂപിനെ തേടി എത്തുന്നത്. വി.കെ. പ്രകാശായിരുന്നു മുന്‍പ് ‘കിങ്ങ് ഫിഷ്’ സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വി.കെ. പ്രകാശ് തിരക്കിലായതോടെ സംവിധായകന്‍റെ വേഷം കൂടി അനൂപ് മേനോന്‍ ഏറ്റെടുക്കുകയായിരുന്നു. സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ ഒരു പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു മുഴുനീള കഥാപാത്രമായിട്ടാണ് അദ്ദേഹം എത്തുന്നത്. ദശരഥ വര്‍മ്മ എന്ന കഥാപാത്രത്തെ രഞ്ജിത്തും, നെയ്മീന്‍ ഭാസി എന്ന് വിളിപ്പേരുള്ള ഭാസ്കര വര്‍മ്മ എന്ന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിക്കുന്നു.

Most Popular

To Top